ഇരിട്ടി: ഇരിട്ടി നഗരസഭയും പരിസര പഞ്ചായത്തുകളും ഉൾപ്പെടുന്ന മലയോര മേഖലയിലെ ഓട്ടോറിക്ഷയിലെ മീറ്റർ സീൽ ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ-എസ്ടിയു ഇരിട്ടി യൂണിറ്റ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ലീഗൽ മെട്രോളജി ഇൻസ്പെക്ടർക്ക് യൂണിയൻ പ്രതിനിധികൾ നിവേദനം നൽകി. ഇരിട്ടി മുനിസിപ്പാലിറ്റി, പടിയൂർ, ഉളിക്കൽ, പായം, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ തൊഴിലാളികൾ നിലവിൽ 50 കിലോമീറ്ററോളം സഞ്ചരിച്ച് മട്ടന്നൂർ ഓഫീസിലെത്തിയാണ് മീറ്റർ സീൽ ചെയ്യുന്നത്.
മാസത്തിൽ ഒരു ദിവസമെങ്കിലും ഇരിട്ടി മേഖലയിൽ മീറ്റർ സീൽ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് യൂണിയൻ സെക്രട്ടറി അബ്ദുൾ നാസർ ആവശ്യപ്പെട്ടു.